പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പ്രശംസിച്ചതിന് കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ശശി തരൂരിനെതിരെ പാർട്ടിയിൽ വീണ്ടും കലാപം. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെതിരെ പരസ്യമായി രംഗത്തെത്തി.
കോൺഗ്രസ് അടിസ്ഥാനപരമായി എതിർക്കുന്ന നയങ്ങളെ പ്രശംസിച്ചതിന് തരൂരിനെ “കപടനാട്യക്കാരൻ” എന്ന് വിശേഷിപ്പിച്ച ദീക്ഷിത്, “നിങ്ങൾ എന്തിനാണ് കോൺഗ്രസിൽ?” എന്ന ചോദ്യവും ഉന്നയിച്ചു. തരൂരിന്റെ അഭിപ്രായങ്ങൾ പാർട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂറ് സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുവെന്നും ദീക്ഷിത് പറഞ്ഞു.
ശശി തരൂരിന്റെ രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സന്ദീപ് ദീക്ഷിത് വിമർശനം കടുപ്പിച്ചത്.
“ശശി തരൂരിന്റെ പ്രശ്നം, അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് ഞാൻ കരുതുന്നു… കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾ ആ നയങ്ങൾ പിന്തുടരണം… നിങ്ങൾ എന്തിനാണ് കോൺഗ്രസിൽ?” എന്ന് ദീക്ഷിത് ചോദിച്ചു. “ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങൾ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ശരിക്കും തോന്നുന്നുവെങ്കിൽ, നിങ്ങൾ ഒരു വിശദീകരണം നൽകണം. നിങ്ങൾ അത് നൽകുന്നില്ലെങ്കിൽ, നിങ്ങൾ ഒരു കപടനാട്യക്കാരനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂരിന്റെ പ്രസ്താവനകളെ കോൺഗ്രസ് വക്താവായ സുപ്രിയ ശ്രീനേറ്റും നേരത്തെ ചോദ്യം ചെയ്തിരുന്നു.
