രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവര്‍ണര്‍മാരുടെ വിവേചനാധികാരം പരിമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ വിധി.
ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നത് ശരിയല്ല. കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചു വയ്ക്കരുത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്. ബില്ലില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും വിവേചനാധികാരമുണ്ട്. വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരമില്ല. ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതിനേക്കാള്‍ ഉചിതം തിരിച്ചയയ്ക്കുന്നതാണ്. രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് മറ്റൊരു സാധ്യതയില്ല. അംഗീകാരം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ബില്ലുകള്‍ ഗവര്‍ണര്‍ മടക്കി അയക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
