ശാസ്തമംഗലത്തെ ഓഫീസ് കെട്ടിടത്തെച്ചൊല്ലി ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായുണ്ടായ ദീർഘനാളത്തെ തർക്കത്തിനൊടുവിൽ വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് മരുതംകുഴിയിലേക്കാണ് മാറ്റുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയാണ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട തർക്കം രാഷ്ട്രീയ ചർച്ചയാകുന്നത്.
എംഎൽഎ ഓഫീസും കൗൺസിലർ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കൗൺസിലർ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോർപ്പറേഷനുമായുള്ള കരാർ പ്രകാരം മാർച്ച് വരെ തനിക്ക് കെട്ടിടത്തിൽ അവകാശമുണ്ടെന്നും അതുവരെ ഒഴിയാൻ കഴിയില്ലെന്നുമായിരുന്നു എംഎൽഎയുടെ ആദ്യ നിലപാട്.
സംഭവം വിവാദമായതോടെ തങ്ങൾ സുഹൃത്തുക്കളാണെന്നും ഓഫീസ് ഒഴിയണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് ശ്രീലേഖ രംഗത്തെത്തിയിരുന്നു. എങ്കിലും, എംഎൽഎ ഓഫീസ് ഒഴിയുന്നതുവരെ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് തന്നെ പ്രവർത്തിക്കുമെന്ന് സൂചിപ്പിക്കുന്ന വീഡിയോ സഹിതം അവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. കൗൺസിലർ ഓഫീസിന്റെ ശോചനീയാവസ്ഥയും മാലിന്യം കൂട്ടിയിട്ടിരിക്കുന്നതും ചൂണ്ടിക്കാട്ടിയുള്ള ഈ പ്രതിഷേധത്തിനൊടുവിലാണ് ഇപ്പോൾ ഓഫീസ് മാറ്റാൻ എംഎൽഎ തീരുമാനിച്ചിരിക്കുന്നത്.
