കേരളത്തിലെ നെൽകർഷകരെ ദ്രോഹിക്കുന്ന നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. നെൽകർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് നൽകി. അധിക ബോണസ് നൽകുന്നതിലൂടെ ആവശ്യത്തിലധികം നെല്ല് സംഭരിക്കപ്പെടുകയും അതുവഴി പൊതുഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുകയുമാണെന്നതാണ് കേന്ദ്രത്തിന്റെ വാദം.
കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവിലയ്ക്ക് പുറമെ നെല്ലിന് അധിക ബോണസ് നൽകുന്നത് കേരളത്തിലെ നെൽകർഷകരെ സംരക്ഷിക്കുന്ന നയത്തിന്റെ ഭാഗമായാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ബോണസ് കർഷകരെ കൂടുതൽ ഉൽപാദനത്തിന് പ്രോത്സാഹിപ്പിക്കുകയും നെല്ലിന്റെ കൃഷി വിസ്തൃതി വർധിപ്പിക്കാനും സഹായിക്കുകയും ചെയ്തിരുന്നു.
എന്നാൽ അധിക ശേഖരം വർധിക്കുന്നത് ഖജനാവിന് അമിത ബാധ്യതയുണ്ടാക്കുന്നുവെന്ന വാദം ഉന്നയിച്ചാണ് ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ല്, ഗോതമ്പ് തുടങ്ങിയ വിളകളുടെ അമിത കൃഷി പരിസ്ഥിതി പ്രശ്നങ്ങൾക്കും കാലാവസ്ഥാ അസ്ഥിരതയ്ക്കും കാരണമാകുമെന്ന വിചിത്രവാദവും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നു. നിലവിലെ ബോണസ് നയം പുനഃപരിശോധിച്ച് നെല്ലിന് പകരം മറ്റ് ധാന്യങ്ങൾക്ക് ബോണസ് നൽകണമെന്നതും കേന്ദ്രത്തിന്റെ നിർദേശമാണ്.
നെല്ല് സംഭരണം സുഗമമാക്കി കർഷകരുടെ ഉപജീവനം ഉറപ്പാക്കാൻ കേരളം ശ്രമിക്കുന്ന സമയത്താണ് കേന്ദ്ര സർക്കാരിന്റെ ഈ നിലപാടെന്ന് വിമർശനം ഉയരുന്നു. ഒക്ടോബർ 20 മുതൽ നെല്ല് നൽകിയ എല്ലാ കർഷകർക്കും കിലോയ്ക്ക് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നവംബർ ഒന്നുമുതൽ സംഭരണ വില 28.20 രൂപയിൽ നിന്ന് 30 രൂപയായി ഉയർത്തുകയും ചെയ്തിരുന്നു.
