വിദ്യാർഥികളിലെ സോഷ്യൽ മീഡിയ ആസക്തിക്ക് മൂക്കുകയറിടാൻ സംസ്ഥാന സർക്കാർ. നിയമ നിർമാണം ആലോചനയിലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പാoപുസ്തക വിതരണത്തിൻ്റെ ഉദ്ഘാടനം 13ന് നടക്കും. അടുത്ത വർഷം മുതൽ പ്ലസ് വണിന് പരിഷ്കരിച്ച പാഠപുസ്തകമാകും. 15 വർഷത്തിന് ശേഷമാണ് പരിഷ്കരണം. പട്ടം സെന്റ് മേരീസ് സ്കൂളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകവിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
യൂണിഫോം വിതരണത്തിന് കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും സംസ്ഥാനം നൽകും. കുട്ടികളുടെ കാര്യമാണ്, നമുക്ക് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു. 1166 കോടി രൂപ കേന്ദ്രം നൽകാനുണ്ട്. സംസ്ഥാന സർക്കാർ തന്നെ ഫണ്ട് ഇട്ട് കൊടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വി. സച്ചിദാനന്ദന്റെ വിമർശനത്തിൽ പ്രതികരിച്ച മന്ത്രി പ്രസ്താവന ജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് പ്രതികരിച്ചു. ഇടതുപക്ഷത്തെ വിമർശിക്കുമ്പോൾ അത് ആർക്കാണ് ഗുണം ചെയ്യുന്നതെന്ന് ആലോചിക്കണം. ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചത് കേരളം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
