രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്.
യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടംഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും കോടതി നൽകി. റാണയുടെ കുടുംബത്തിന്റെ പ്രവൃത്തി നിസ്വാർത്ഥമെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാലാ പറഞ്ഞു. അന്തസായ മരണത്തിന് രോഗിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ലാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ് ഗുരുതപരിക്കേറ്റത്. കേസിൽ ഹരീഷന്റെ മാതാപിതാക്കൾക്കായി മലയാളി അഭിഭാഷകൻ രശ്മി നന്ദകുമാറാണ് ഹാജരായത്.
