പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക്. പാലക്കാട്‌ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളൻമാർ മുൻപേ ഓടി കള്ളൻ കള്ളൻ എന്ന് വിളിച്ചുപറയുകയാണ്.

പാലക്കാട് യുഡിഎഫിനെ പിൻതാങ്ങണമെന്നാണോ പറയുന്നതെന്നും അതിന് വേറെ പണി നോക്കണമെന്നും തോമസ് ഐസക് പറഞ്ഞു. കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നും തോമസ് ഐസക്കിന്റെ വിമർശനം. വൈപ്പിൻ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഷൈനിയുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

കേരളത്തിൽ ആരാണ് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത്? യുഡിഎഫ് ജനങ്ങൾ അംഗീകരിക്കുന്ന സ്ഥാനാർഥിയെ നിർത്തണമെന്നും തോമസ് ഐസക് പറഞ്ഞു. ജി. സുധകരൻ വിഷയത്തിലും അദ്ദേഹം മറുപടി പറ‍ഞ്ഞു. സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് സുധാകരന്. അത് കാണുമ്പോൾ സഹതാപം തോന്നുന്നുണ്ട്. 60 വർഷത്തെ രാഷ്‌ട്രീയ ജീവിതമാണ് കളഞ്ഞതെന്നും അ​ദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ചെറ്റ പ്രയോഗത്തിൽ വാക്കിൽ തൂങ്ങി കിടന്നിട്ട് കാര്യമില്ലെന്നായിരുന്നു അ​ദ്ദേഹത്തിന്റെ മറുപടി.