സീറ്റുകൾക്കായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനും എതിരായ പരാതികൾ അതീവ ഗൗരവകരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും വലിയ ആരോപണങ്ങൾ ഉയർന്നിട്ടും കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ദേശീയ നേതൃത്വം ഉടൻ പ്രതികരിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

വയനാട്ടിലെ പ്രളയബാധിതരെ കോൺഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദുരിതബാധിതർക്കായി വീട് നിർമ്മിക്കാൻ വാങ്ങിയ സ്ഥലം ആനകൾ എത്തുന്ന പ്രദേശമാണെന്നും, നിർമാണത്തിന് ആവശ്യമായ പഞ്ചായത്തിന്റെ അനുമതി പോലും തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ, രണ്ട് വർഷം കഴിഞ്ഞാലും വീടുകൾ പൂർത്തിയാക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തിയാൽ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.