രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് നിർമ്മിത സിസിടിവി ക്യാമറകളുടെ വിൽപ്പനയ്ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുന്നു. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാവുന്ന ചൈനീസ് ബ്രാൻഡുകളുടെ ക്യാമറകൾക്കാണ് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്കും സൈബർ സുരക്ഷയ്ക്കും ഭീഷണിയാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നിർണ്ണായക നീക്കം.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ പല പ്രമുഖ ചൈനീസ് കമ്പനികൾക്കും ഇന്ത്യൻ വിപണിയിൽ തിരിച്ചടിയുണ്ടാകും.ബാധിക്കപ്പെടുന്ന ബ്രാൻഡുകളിൽ ഹിക്വിഷൻ (Hikvision), ദാഹുവ (Dahua), ടിപി-ലിങ്ക് (TP-Link) തുടങ്ങിയവ ഉൾപ്പെടുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാത്ത ഇത്തരം ക്യാമറകൾ ഇനി മുതൽ വിപണിയിൽ വിൽക്കാൻ സാധിക്കില്ല.
ക്യാമറകളിൽ ഉപയോഗിക്കുന്ന ചിപ്പുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും ഉറവിടം വെളിപ്പെടുത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പല കമ്പനികളും ഈ നിബന്ധനകൾ പാലിക്കാൻ പരാജയപ്പെട്ടതാണ് നിരോധനത്തിലേക്ക് നയിച്ചത്.നിലവിൽ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ സ്ഥാപിച്ചിട്ടുള്ള ചൈനീസ് ക്യാമറകൾ പെട്ടെന്ന് പ്രവർത്തനം നിർത്തുമെന്ന പേടി വേണ്ട. നിലവിലുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനോ അവയുടെ പ്രവർത്തനം തടയാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല.
എന്നാൽ ഇവയുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും ഭാവിയിൽ തടസ്സങ്ങൾ നേരിട്ടേക്കാം. പുതിയതായി ക്യാമറ വാങ്ങുന്നവർക്ക് മാത്രമാണ് ഈ നിരോധനം നേരിട്ട് ബാധകമാകുന്നത്.
ചൈനീസ് ചിപ്പുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വഴി വിദേശ രാജ്യങ്ങളിലേക്ക് വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് തടയാനായി ഇന്ത്യൻ ബ്രാൻഡുകളായ സിപി പ്ലസ് (CP Plus), ക്യൂബോ (Qubo) തുടങ്ങിയവയ്ക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. നിലവിൽ ഇന്ത്യൻ സിസിടിവി വിപണിയുടെ 80 ശതമാനവും സ്വദേശി കമ്പനികൾ കൈക്കലാക്കി കഴിഞ്ഞു. സുരക്ഷിതമായ നിരീക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ക്യാമറ നിർമ്മാതാക്കൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ അംഗീകൃത ലാബുകളിൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടാൻ രണ്ടു വർഷത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അവസാനിക്കുന്നതോടെയാണ് കർശന നടപടികളിലേക്ക് രാജ്യം കടക്കുന്നത്. ഡാറ്റാ സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ട 500-ലധികം മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വരും.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയും റിയൽമിയും ഇതിനോടകം തന്നെ ഈ വിഭാഗത്തിൽ നിന്ന് പിന്മാറി.പുതിയ നിയമം നടപ്പിലാകുന്നതോടെ സിസിടിവി ക്യാമറകളുടെ വിലയിൽ ചെറിയ വർദ്ധനവ് ഉണ്ടായേക്കാം. ചൈനീസ് ചിപ്പുകൾക്ക് പകരമായി തായ്‌വാൻ അല്ലെങ്കിൽ യുഎസ് ചിപ്പുകൾ ഉപയോഗിക്കുന്നത് നിർമ്മാണ ചിലവ് വർദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഉപഭോക്താക്കൾ കൂടുതൽ പണം ചിലവാക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. പ്രാദേശികമായ നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകും.
