കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം ഏറെ വേദനാജനകവും ഞെട്ടിക്കുന്നതുമാണെന്നും അധ്യാപകരുടെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്ന് ഉണ്ടായ ജാതീയമായ വിവേചനത്തിന്റെയും മാനസിക പീഡനത്തിന്റെയും ഭാഗമായാണ് നിതിൻ മരണപ്പെട്ടത് എന്ന കുടുംബത്തിൻ്റെ ആരോപണം അതീവ ഗൗരവതരമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

ക്ലാസ് റൂമിലും സ്റ്റാഫ് റൂമിലും വച്ച് അധ്യാപകൻ നടത്തുന്ന അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ രാജ് സുഹൃത്തുക്കളോട് സംസാരിക്കുന്ന ശബ്ദ സന്ദേശം വിശദമായ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ജാതീയ വിവേചനങ്ങളുടെ അടയാളങ്ങൾ ഇന്നും കലാലയങ്ങളിൽ ഉണ്ടാകുന്നത് അനുവദിച്ചു കൊടുക്കാൻ കഴിയുന്നതല്ല. നിതിൻ രാജിനെ പുഴുത്ത പട്ടി എന്ന് പോലും അധ്യാപകർ അഭിസംബോധന ചെയ്തിരുന്നു എന്ന് വിദ്യാർഥിയുടെ അമ്മ പറയുന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്.


ജാതീയ വിവേചനങ്ങളെ ഇല്ലായ്മ ചെയ്ത് സാമൂഹ്യമായും സാംസ്കാരികമായും ഏറെ വളർന്ന കേരളത്തിന്റെ പൊതുമണ്ഡലത്തെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന ഏതൊരു ശക്തിയെയും കലാലയങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തേണ്ടതാണെന്നും നിതിൻ രാജിനെതിരായ ജാതീയ പീഡനം കേരളത്തിന് അപമാനകരമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു