ഡൽഹിയിലും നോയിഡയിലും ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായി അപലപിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളികൾ നടത്തുന്ന സമരങ്ങൾക്ക് അദ്ദേഹം സംസ്ഥാനത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികൾ മെച്ചപ്പെട്ട ശമ്പളത്തിനോ ജോലി സാഹചര്യങ്ങൾക്കോ വേണ്ടിയല്ല, മറിച്ച് അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന് വേണ്ടിയാണ് സമരം ചെയ്യാൻ നിർബന്ധിതരാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അടിയന്തര ശ്രദ്ധ അർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ച് വരുന്ന വിലക്കയറ്റവും പാചകവാതക ക്ഷാമവും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ മിനിമം വേതനം ഒരു കുടുംബത്തിന് അന്തസ്സോടെ ജീവിക്കാൻ പര്യാപ്തമല്ലെന്നും മന്ത്രി ആരോപിച്ചു. 85 മേഖലകളിൽ മിനിമം വേതനം നടപ്പിലാക്കി കേരളം ഇതിനോടകം മാതൃക കാട്ടിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഡൽഹി എൻ.സി.ആർ മേഖലയിലെ മിനിമം വേതനം പ്രതിമാസം 26,000 രൂപയായി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ പോലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഗർഭിണികൾ പോലും ക്രൂരമായ മർദ്ദനത്തിന് ഇരയാകുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തൊഴിലാളി നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടച്ച് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാരുകൾ ശ്രമിക്കുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു. നോയിഡ സന്ദർശിച്ച എം.പിമാരുടെ സംഘത്തെ കാണാൻ അധികൃതർ വിസമ്മതിച്ചത് അവരുടെ അഹങ്കാരത്തെയും ധാർഷ്ഠ്യത്തെയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അറസ്റ്റ് ചെയ്ത ജീവനക്കാരെ മോചിപ്പിക്കുക, അന്തർസംസ്ഥാന തൊഴിലാളികൾക്ക് സബ്‌സിഡി നിരക്കിൽ പാചകവാതകം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ മന്ത്രി ശിവൻകുട്ടി കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചു. വിഷയത്തിൽ അടിയന്തരമായി പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ കേരളം തൊഴിലാളികൾക്കൊപ്പം ഉറച്ച് നിൽക്കുമെന്നും മന്ത്രി ആവർത്തിച്ചു.