: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നു. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിയിൽ സാധാരണയുള്ള രീതിയെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പ്രതികരിച്ചപ്പോള്‍ ജനാഭിലാഷം മനസ്സിലാക്കി നേതൃത്വം തീരുമാനമെടുക്കുമെന്ന് മുൻമന്ത്രി കെ ബാബു പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസിയുടെ കര്‍ശന വിലക്കാണ്. മുഖ്യമന്ത്രി പോരിലെ എതിര്‍പ്പ് എല്ലാ നേതാക്കളെയും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിളിച്ചറിയിച്ചു.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ കെസി പക്ഷം നീങ്ങുമ്പോള്‍ എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് കോണ്‍ഗ്രസിലെ സാധാരണ രീതിയെന്ന വി എം സുധീരന്‍റെ പ്രതികരണം ശ്രദ്ധേയമാണ്.
തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നതാണ് സ്വാഭാവിക രിതിയെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
