കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎപോലും നേടാനാകാതെ പോയ സിപിഐ(എം) ബംഗാളിൽ ഇത്തവണ പുനരുജ്ജീവനത്തിനായി സജീവമായി രംഗത്തെത്തുകയാണ്. പരമ്പരാഗത നേതൃത്വത്തിന് പുറമെ പുതുമുഖങ്ങളും യുവ സ്ഥാനാർത്ഥികളെയും മുൻനിരയിൽ എത്തിച്ച് പാർട്ടിയെ വീണ്ടും ശക്തിപ്പെടുത്താനാണ് ശ്രമം.
ഈ മാറ്റത്തിന്റെ ഭാഗമായി ബാലിഗഞ്ച് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ശിൽപി അഫ്രീൻ ശ്രദ്ധേയയാകുന്നു. വെറും 20 വയസ്സ് മാത്രമുള്ള ജെൻ-ഇസഡ് സ്ഥാനാർത്ഥിയായ ശിൽപി അഫ്രീൻ , യുവജനങ്ങളുടെ പ്രതീക്ഷകളും ആശങ്കകളും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന് തുറന്നുപറയുന്നു. മുൻകാല രാഷ്ട്രീയ പിഴവുകൾ തിരുത്തി, ഭാവി തലമുറകൾക്ക് അനുയോജ്യമായ ഒരു ശക്തമായ പാർട്ടി സംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവൾ ഊന്നിപ്പറയുന്നു.
യുവാക്കളെ ആകർഷിക്കാൻ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പുതിയ മാർഗങ്ങൾ സ്വീകരിക്കാനും പാർട്ടി ശ്രമം ശക്തമാക്കിയിട്ടുണ്ട്. തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ നിലപാട് കൈക്കൊണ്ട് ജനവിശ്വാസം വീണ്ടെടുക്കുക എന്നതാണ് സിപിഐ(എംന്റെ പ്രധാന ലക്ഷ്യം.
പരമ്പരാഗത വോട്ടുബേസ് വീണ്ടെടുക്കുന്നതിനൊപ്പം പുതിയ വോട്ടർമാരെയും കൈവരിക്കാനാകുമോ എന്നതാണ് ഇനി പാർട്ടിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. യുവ നേതൃത്വത്തിന്റെ ഈ നീക്കം പാർട്ടിക്ക് പുതിയ ഊർജം പകരുമോ എന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കും.
