കേരള നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളി ഇടതുമുന്നണി രംഗത്ത്. എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ഫലം പുറത്തുവരുന്ന നാലാം തീയതി കാര്യങ്ങൾ വ്യക്തമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വോട്ടർമാരും ഇടതുമുന്നണിക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമാനമായ രീതിയിൽ എക്സിറ്റ് പോളുകളെ തള്ളിക്കൊണ്ട് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലനും രംഗത്തെത്തിയിട്ടുണ്ട്. കേരള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും ബിജെപി ഇത്തവണയും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ നീക്കങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
