പിന്നാക്ക സമുദായത്തിൽപ്പെട്ട മിടുക്കനായ വിദ്യാർത്ഥി നിതിൻ രാജിനെതിരെ ഉണ്ടായ ജാതി അധിക്ഷേപം കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയെ നടുക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി M എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിതിൻ രാജിന്റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടലും നിർമ്മാണോദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ നിതിൻ രാജിനെ ലക്ഷ്യമിട്ട്, അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അവരുടെ തൊഴിലും കുടുംബ പശ്ചാത്തലവും അധിക്ഷേപിച്ച സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷയായിരുന്നു ആ യുവാവിനെ നമുക്ക് നഷ്ടമായത് വലിയ വേദനയാണെന്നും അദ്ദേഹം അനുസ്മരിച്ചു.
വാടകവീട്ടിൽ കഴിയുന്ന നിതിന്റെ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് പാർട്ടിയും പ്രാദേശിക കമ്മിറ്റികളും ചേർന്നാണ് പുതിയ വീട് നിർമ്മിച്ച് നൽകുന്നത്. ചടങ്ങുകൾക്ക് മാത്രമായി ഒതുങ്ങാതെ, വീടിന്റെ നിർമാണ പ്രവർത്തനങ്ങളും അതേദിവസം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിലെ പ്രതിയായ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, അന്വേഷണം മാത്രം മതിയാകില്ലെന്നും ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കോളേജിൽ നിന്ന് പുറത്താക്കിയത് മാത്രം പോരെന്നും, ഇത്തരം പ്രവണതകൾക്കെതിരെ ഈ കേസ് ശക്തമായ മുന്നറിയിപ്പാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയ സവർണ്ണ മേൽക്കോയ്മയുടെ കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അയ്യൻകാളിയും ശ്രീനാരായണ ഗുരുവും പൊരുതി തോൽപ്പിച്ച അനാചാരങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ആഹ്വാനം ചെയ്തു. നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ പാർട്ടി മുൻനിരയിൽ ഉണ്ടാകുമെന്നും, നിതിൻ രാജിന്റെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
