സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളെ സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ അപ്രതീക്ഷിത പരാജയത്തെ കുറിച്ച് വിശദമായ ചര്ച്ചകളാണ് സെക്രട്ടറിയേറ്റിൽ നടന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിന് തുടർഭരണം ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് സാധ്യമാകാതിരുന്നതിന്റെ കാരണങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി വിലയിരുത്തി. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് വിമർശനപരവും സ്വയം വിമർശനപരവുമായ ചർച്ചകളാണ് നടന്നതെന്നും വ്യക്തമാക്കുന്നു.
ചർച്ചകൾ ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തുന്നതിനായിരുന്നില്ലെന്നും, ഉണ്ടായ പോരായ്മകൾ പാർട്ടിയിലുടനീളം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ കൊണ്ടുവരാനാണ് ഐക്യകണ്ഠേന തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. ശരിയായ വിലയിരുത്തലുകളും തിരുത്തലുകളും നടത്തിയാൽ ഈ പരാജയത്തെ അതിജീവിക്കാൻ കഴിയുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
ഇതിനിടെ, സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന എടുത്ത തീരുമാനങ്ങളെ ഇകഴ്ത്തിക്കാണിക്കാനും പാർട്ടിക്കകത്ത് ഭിന്നാഭിപ്രായങ്ങളുണ്ടെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കാനുമാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് സി.പി.ഐ(എം) ആരോപിച്ചു. പാർട്ടിക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ തുടർച്ചയാണ് ഇത്തരം വാർത്തകളെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രചരണങ്ങളെ ജനങ്ങൾ തള്ളിക്കളയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
