ഇടതുസർക്കാർ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാരും മുന്നോട്ടുകൊണ്ടുപോകണമെന്ന് എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഐഎം നേതാവുമായ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണകാലത്ത് വിവിധ മേഖലകളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്നും പ്രത്യേകിച്ച് കെഎസ്ആർടിസി ഇപ്പോൾ വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. കോൺഗ്രസിന്റെ പഴയ നിലപാടിനും പുതിയ സർക്കാരിന്റെ സമീപനത്തിനും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്.
“ഇടതുപക്ഷ ഭരണകാലത്ത് വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. ആ വികസന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാൻ സർക്കാരിന് കഴിയണം. കെഎസ്ആർടിസിയിൽ സൗജന്യ യാത്രാ പദ്ധതിയെന്ന ആശയത്തോട് യോജിപ്പുണ്ട്. ഇപ്പോൾ കെഎസ്ആർടിസിയുടെ വരവും ചെലവും ഏകദേശം തുല്യമായ അവസ്ഥയിലാണ്. അതിനെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ശ്രദ്ധിക്കണം,” അദ്ദേഹം പറഞ്ഞു.
ജൂൺ 15 മുതൽ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകാവുന്ന വരുമാനനഷ്ടം സർക്കാർ എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
ആശാ വർക്കർമാരുടെ വേതന വർധനവിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വാഗ്ദാനം ചെയ്ത മുഴുവൻ തുകയും ഇപ്പോഴും നടപ്പായിട്ടില്ലെങ്കിലും 3000 രൂപ നൽകിയ നടപടി സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
വന്ദേമാതരം വിവാദത്തിൽ ഇത് മതപരമായ വിഷയമല്ലെന്നും രാഷ്ട്രീയ-ആശയപരമായ വിഷയമാണെന്നും ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. “സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഘടകകക്ഷികൾ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് വ്യക്തമാക്കണം. എൽഡിഎഫ് ആയിരുന്നുവെങ്കിൽ ഇത്തരം നടപടി സ്വീകരിക്കുമായിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
