കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുകയാണെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ആരോപിച്ചു. സി.പി.ഐ.എം നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കർഷകരെ കേന്ദ്ര സർക്കാർ തുടർച്ചയായി ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നത് കർഷകരെയും സാധാരണ ജനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ന് ജീവിക്കുന്ന രീതിയിൽ നാളെ ജീവിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. വരും ദിവസങ്ങളിൽ പാർട്ടിക്ക് വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നും ജനങ്ങളുടെ വിശ്വാസമാണ് പാർട്ടിയുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തർദേശീയ വിഷയങ്ങളെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. അമേരിക്കയുടെ ഏകപക്ഷീയമായ ആക്രമണ നയങ്ങൾ ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും നാറ്റോ രാജ്യങ്ങൾ പോലും അമേരിക്കയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എംയുടെയോ എൽ.ഡി.എഫിന്റെയോ അവസാനമല്ലെന്നും ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്നും പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
