പോലീസ് നടപടികളുടെ നടുക്കത്തിൽ നിന്ന് ഇനിയും മുക്തരാകാതെ പാരിയത്തുകാവ് നഗർ നിവാസികൾ. അർബുദരോഗിയും ഹൃദ്രോഗിയും ഉൾപ്പെടെയുള്ളവരെ പോലീസ് വലിച്ചിഴച്ചതായും സ്ത്രീകളെ വരെ നിലത്തിട്ട് ചവിട്ടിയതായും നാട്ടുകാർ ആരോപിച്ചു. പാരിയത്തുകാവ് സന്ദർശിച്ച മുൻമന്ത്രി പി. രാജീവിനോടാണ് നാട്ടുകാർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചത്.

പ്രായം പോലും പരിഗണിക്കാതെയായിരുന്നു പോലീസിന്റെ നടപടികളെന്ന് നാട്ടുകാർ പറഞ്ഞു. “യു ഡി എഫിന് ഭരണം കിട്ടിയതിന്റെ ഹുങ്കാണ് ഇവിടെ കണ്ടത്” എന്നായിരുന്നു ഒരു വയോധികയുടെ പ്രതികരണം. ഹൃദ്രോഗിയായ തന്റെ പിതാവിനെ പോലും പോലീസ് ഉപദ്രവിച്ചതായി പാരിയത്തുകാവ് നഗരിലെ ഒരു യുവതി കണ്ണീരോടെ പി. രാജീവിനോട് പറഞ്ഞു.

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ പരിഹാരനടപടികൾ ഇടത് സർക്കാർ ആരംഭിച്ചിരുന്നുവെന്നും, പുതുതായി അധികാരമേറ്റ യു ഡി എഫ് സർക്കാർ പട്ടികജാതി കുടുംബങ്ങൾക്ക് പട്ടയം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.

പാരിയത്തുകാവ് നിവാസികൾക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം, പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാർ ഭൂമിയുടെ പട്ടയം നൽകേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. ബലമായി കുടിയൊഴിപ്പിക്കാനുള്ള ഏത് നീക്കത്തെയും ജനകീയ പ്രതിഷേധം കൊണ്ട് പ്രതിരോധിക്കുമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.