പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാരിന്റെ ഉത്തരവിനെതിരെ സിപിഐഎം രംഗത്ത്. മതം അടിസ്ഥാനമാക്കി സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും ശക്തമായി എതിർക്കുമെന്നും പാർട്ടി വ്യക്തമാക്കി.

മദ്രസകളിലും സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. വിഷയത്തിൽ നിയമപരമായ പോരാട്ടം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

കശാപ്പ് നിയന്ത്രണത്തിനായി കൊണ്ടുവന്ന പുതിയ ഉത്തരവിനെയും സിപിഐഎം ചോദ്യം ചെയ്തു. 1950ൽ പാസാക്കിയ കശാപ്പ് നിയന്ത്രണ നിയമം മുനിസിപ്പാലിറ്റികൾക്ക് മാത്രമാണ് ബാധകമെന്നും നിലവിലെ നടപടി നിയമവിരുദ്ധമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

പുതിയ നിയന്ത്രണങ്ങളിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട കന്നുകാലി വ്യാപാരികൾക്കുപോലും ആശങ്കയുണ്ടെന്ന് സിപിഐഎം മുൻ എംപി ബികാശ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു. വിഷയത്തിൽ നടപടി ചോദ്യം ചെയ്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചതായും അദ്ദേഹം അറിയിച്ചു.