സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗംഎ വിജയരാഘവൻ എസ്ഡിപിഐ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്ന് പാർട്ടി വിശദീകരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ എസ്ഡിപിഐയുടെ ഒരു പ്രാദേശിക നേതാവ് പാടുന്ന സമയത്ത് സമീപ ഹാളിൽ വിജയരാഘവൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
വസ്തുതകൾ അന്വേഷിക്കാതെയാണ് ചില ചാനലുകൾ ഇത് വാർത്തയാക്കിയതെന്നും പാർട്ടി നേതാക്കളെ ലക്ഷ്യമിട്ട് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചാരണമെന്നുമാണ് സിപിഐഎം ആരോപണം.
മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് വിജയരാഘവനെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനാലാണ് സംഘപരിവാറും മുസ്ലിം മതതീവ്രവാദ സംഘടനകളും ഒരേസമയം അദ്ദേഹത്തെ ആക്രമിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.
അടിസ്ഥാനരഹിത ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനുള്ള നീക്കങ്ങളെ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുന്നതായും തെറ്റായ വാർത്തകൾ തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
