ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായി വിജയന്റെ വീടുകളിലടക്കം എക്‌സാലോജിക് ഇടപാടില്‍ ഇഡി റെയ്ഡ് നടത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് സിപിഐഎം നേതാവ് ഇ. പി. ജയരാജന്‍. ആഭ്യന്തര വകുപ്പിനെ പോലും അറിയിക്കാതെ കേന്ദ്ര ഏജന്‍സി ഇടപെട്ടു. ഇഡി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും സംഭവത്തില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ലെന്നും ഇ. പി. ജയരാജന്‍ പറഞ്ഞു.
ഇ ഡി റെയ്ഡ് സംബന്ധിച്ച പ്രതിഷേധം ആഭ്യന്തര വകുപ്പ് കേന്ദ്രത്തെ അറിയിക്കണം. ആം ആദ്മി പാര്‍ട്ടിക്കെതിരെ ഡല്‍ഹിയില്‍ സ്വീകരിച്ച നിലപാട് കേരളത്തില്‍ സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ് തുടരുകയാണ്. ആര്‍എസ്എസ് അജണ്ടക്ക് മുഖ്യമന്ത്രിയും കേരള സര്‍ക്കാരും കീഴടങ്ങുന്നു. കോണ്‍ഗ്രസ്-ബിജെപി ഡീല്‍ സര്‍ക്കാര്‍ വന്ന ശേഷവും കോണ്‍ഗ്രസ് തുടരുന്നുവെന്നും ഇ. പി. ജയരാജന്‍ പറഞ്ഞു.
പിണറായിയെയും കുടുംബത്തെയും വേട്ടയാടി കേരളത്തില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. റെയ്ഡ് നടത്തിയത് നോട്ടീസ് പോലും നല്‍കാതെയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. അന്താരാഷ്ട്ര-ദേശീയ തലത്തില്‍ വാര്‍ത്തായാക്കാനായിരുന്നു നീക്കം. റെയ്ഡ് കഴിഞ്ഞ ശേഷം ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പ്രകോപനം ഉണ്ടാക്കാന്‍ തിരുവനന്തപുരത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വം ശ്രമം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
