നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തെ യുവാക്കളെ നിരാശരാക്കരുതെന്നും വിദ്യാർത്ഥികളുടെ വർഷങ്ങളായുള്ള പരിശ്രമത്തെ മാനിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ ഉൾപ്പെട്ട ബെഞ്ചാണ് എൻടിഎയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളെ വിമർശിച്ചത്.

ചോദ്യപേപ്പർ ചോർച്ച എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ച കോടതി, യുപിഎസ്‌സി പോലുള്ള സ്ഥാപനങ്ങളെ മാതൃകയാക്കി പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ എൻടിഎ തയ്യാറാകണമെന്ന് നിർദ്ദേശിച്ചു. പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി വീഴ്ചകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.

ഉന്നതാധികാര സമിതി അധ്യക്ഷൻ കെ. രാധാകൃഷ്ണൻ നേരിട്ട് ഹാജരായി ശുപാർശകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. മിക്ക നിർദ്ദേശങ്ങളും ഇതിനോടകം നടപ്പിലാക്കിയതായി അദ്ദേഹം കോടതിയെ അറിയിച്ചു.

പരീക്ഷാ വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യുവാക്കളുടെ ആശങ്കകളിൽ സർക്കാരിന് വലിയ ജാഗ്രതയുണ്ടെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരങ്ങളും ഭാവി പ്ലാനുകളും വ്യക്തമാക്കി ആറാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും എൻടിഎയോടും കോടതി ആവശ്യപ്പെട്ടു.