യുഡിഎഫ് സർക്കാരിൻ്റെ നയ പ്രഖ്യാപനത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നയപ്രഖ്യാപനത്തിൽ കാര്യമായ നയം ഒന്നും ഉണ്ടായിരുന്നില്ല. കേന്ദ്രസർക്കാരിന് സങ്കടമോ ദേഷ്യമോ ഉണ്ടാകുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ് സർക്കരിൻ്റെ നയം. കേന്ദ്രത്തെ തലോടിയും തൊട്ടും പോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഇത് മധുവിധുവിൻ്റെ ഭാഗമാണോ എന്നും ബിനോയ് വിശ്വം ചോദിച്ചു.

പുതിയ സർക്കാർ അധികാരത്തിൽ വന്ന് വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയാണ്. പുതുയുഗം ആയിരുന്നു മുഖ്യ ലക്ഷ്യം. സംസ്ഥാനത്തിനും നാടിനും ജനങ്ങൾക്കും ഗുണപ്രദമായ നടപടികളും ഉണ്ടായാൽ ഇടതുപക്ഷം പിന്തുണയ്ക്കും. എന്നാൽ ജനദ്രോഹ നടപടികളിലേക്ക് സർക്കാർ കടന്നാൽ അതിനെ ചെറുത്തു തോൽപ്പിക്കാൻ ജനങ്ങളുടെ കൂടെ ഇടതുപക്ഷം ഉണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.