കർണാടക കോൺഗ്രസിനുള്ളിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ തർക്കങ്ങൾക്കും അധികാര വടംവലികൾക്കും വഴിതുറന്നുകൊണ്ട് ഉപമുഖ്യമന്ത്രി പദവികളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണം എന്ന ആവശ്യത്തോട് നിലവിലെ ഏക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കർണാടകയിൽ കൂടുതൽ ഉപമുഖ്യമന്ത്രി പദവികൾ സൃഷ്ടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിച്ചു.തന്റെ നിലപാടിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കർശനമായ സൂചനയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാർ നൽകുന്നത്. ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പരസ്യ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ തങ്ങൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി ദൽഹിയിൽ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം.സംസ്ഥാന ഭരണത്തിൽ കൂടുതൽ ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തുന്നത് ഭരണപരമായ കാര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ശിവകുമാർ അനുകൂലികൾ വാദിക്കുന്നത്.

ഒരൊറ്റ ഉപമുഖ്യമന്ത്രി എന്ന നിലവിലുള്ള ഘടനയാണ് സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ഏറ്റവും അനുയോജ്യമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമുദായ സമവാക്യങ്ങൾ പാലിക്കാൻ കൂടുതൽ പദവികൾ അനിവാര്യമാണെന്നാണ് മറുവിഭാഗത്തിന്റെ കടുത്ത നിലപാട്.