സംസ്ഥാനത്തെ ഭരണാനുകൂല സർവീസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പുകൾ തമ്മിൽ കടുത്ത തല്ലും സംഘർഷവും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിഭാഗവും മുഖ്യമന്ത്രി വി.ഡി. സതീശൻ അനുകൂലികളും തമ്മിലാണ് സമ്മേളന വേദിയെ യുദ്ധക്കളമാക്കിയത്.
ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ തെരുവ് യുദ്ധത്തിൽ കലാശിച്ചത്.
കെ.സി വിഭാഗത്തിന്റെ പ്രമുഖ നേതാവായ ചവറ ജയകുമാറിനെ പൂർണ്ണമായും തഴഞ്ഞ്, സതീശൻ അനുകൂലികൾ ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചത്.
ഭാരവാഹി പട്ടികയിൽ പ്രതിഷേധിച്ച് സമ്മേളന ഹാളിന് മുന്നിൽ മുദ്രാവാക്യം വിളിച്ച ചവറ ജയകുമാർ വിഭാഗത്തിന് നേരെ വി.ഡി. സതീശൻ അനുകൂലികൾ കായികാക്രമണം അഴിച്ചുവിടുകയായിരുന്നു.
സതീശൻ വിഭാഗത്തിന്റെ മർദ്ദനത്തിൽ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം സ്മിത ദേവകി ഉൾപ്പെടെയുള്ള നിരവധി നേതാക്കൾക്ക് പരുക്കേറ്റു. ആക്രമണത്തിന് ഇരയായ നേതാക്കൾ അടിയന്തരമായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രശ്നങ്ങൾ ഒഴിവാക്കാൻ കെ.പി.സി.സി നേതൃത്വം ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി ഒരു സമവായ പട്ടിക മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് സതീശൻ വിഭാഗം സ്വന്തം ആളുകളെ തിരുകിക്കയറ്റി പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടത്.
