തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കത്തിന് പിന്നാലെയാണ് ഇത്തരമൊരു ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായത്. പുതിയ പാർട്ടിയുടെ പേരുകളും പതാകയും അദ്ദേഹത്തിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. ജൂണിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്.

സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച നിലപാടുകൾ അദ്ദേഹം ബിജെപിയിൽ നിന്ന് അകലുകയാണെന്ന ചർച്ചകൾക്ക് വഴിതുറന്നിരുന്നു. സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തീരുമാനത്തെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ പരിപാടിയെക്കുറിച്ചുള്ള പോസ്റ്റുകൾ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി വീണ്ടും സഖ്യം ചേരാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈ കടുത്ത അതൃപ്തിയിലായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2023 സെപ്റ്റംബറിൽ ബിജെപി-എഐഎഡിഎംകെ സഖ്യം തകർന്നപ്പോൾ മുതൽ എഐഎഡിഎംകെ നേതൃത്വത്തിന്റെ കടുത്ത വിമർശകനായിരുന്നു അണ്ണാമലൈ. എന്നാൽ പിന്നീട് പാർട്ടി തീരുമാനത്തിന് വഴങ്ങി എൻഡിഎ സഖ്യത്തിനായി അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നു.