ആർത്തവ അവധി പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയിൽ പ്രതികരിച്ച് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആര്‍ത്തവ അവധിയെ കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തതായിരുന്നുവെന്ന് വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
'പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുണ്ട്. വിഷയം സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി എസ്‌സിഇആര്‍ടിയെ ചുമതലപ്പെടുത്തുകയായിരുന്നു ഞങ്ങൾ ചെയ്തത്. പ്രഖ്യാപനം മോശമല്ല, പഠിച്ചിട്ട് മാത്രം പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു', വി ശിവന്‍കുട്ടി പ്രതികരിച്ചു.
അതേസമയം, നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് ആര്‍ത്തവ അവധി നല്‍കുന്നതില്‍ സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കിയത്.
