എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടുന്നതില്‍ നടത്തിയ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേല്‍ വ്യാഖ്യാനങ്ങള്‍ ചമച്ചും ചിലര്‍ സായൂജ്യമടയുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'വ്യാഖ്യാന പടുക്കള്‍ക്ക് നല്ല നമസ്‌കാരം' എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലെ കുറിപ്പിലാണ് രാഗേഷിന്റെ പ്രതികരണം.

സിപിഎമ്മിന് ഇതിൽ ഭയക്കേണ്ട ഒരു കാര്യവുമില്ല. മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് സംസ്‌ഥാന സർക്കാരെടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ്. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു. സിബിഐ അന്വേഷണ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ, കുടുംബത്തിന്റെ ആശങ്കകൾകൂടി പരിഗണിച്ചുകൊണ്ട് അന്വേഷണം നടത്താനാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഈ ഘട്ടത്തിൽ കേസ് സിബിഐക്ക് വിടുന്നത് കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള വിധേയത്വവും സംസ്ഥാന സർക്കാരിനു കീഴിലെ വിജിലൻസിനോടുള്ള വിശ്വാസക്കുറവും കാരണമാണ് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ‌
സിബിഐ, ഇഡി മുതലായ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികളെയാകെ വേട്ടയാടാനുള്ള ബിജെപിയുടെ ഉപകരണങ്ങളായാണ് കോൺഗ്രസ് ദേശീയതലത്തിൽ വിലയിരുത്തുന്നത്. വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്ന രമേശ്‌ ചെന്നിത്തലയേക്കാൾ വിഡി സതീശനു വിശ്വാസം നരേന്ദ്ര മോദിയോടും അമിത് ഷായോടുമാണ്. കേന്ദ്ര ഏജന്‍സികളോടുള്ള അമിത താല്പര്യത്തേയാണ് വിമര്‍ശിച്ചത്.