പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി എൽഡിഎഫ് രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച് ഈ പദ്ധതിയെ യുഡിഎഫും ലീഗും വലിയ വിവാദമാക്കുകയും, തങ്ങൾ അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ അതേ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതിലൂടെ യുഡിഎഫ് കേന്ദ്ര നയങ്ങൾക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ വാദങ്ങൾ കാപട്യമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതി നടപ്പിലാക്കാൻ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം മുന്നോട്ടുപോകേണ്ടതുണ്ടെന്ന സർക്കാർ നിലപാട് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കരാറിൽ ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പിലാവില്ലെന്നും, താഴെത്തട്ടിൽ കമ്മിറ്റികൾ രൂപീകരിക്കുകയും സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുകയും ചെയ്യേണ്ടതുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരമൊരു നടപടിയും സ്വീകരിക്കാതെ പദ്ധതി മരവിപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും, അവിടങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് കേരളത്തിലും നടപ്പിലാക്കാൻ യുഡിഎഫ് തയ്യാറായതാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പിഎം ശ്രീ പദ്ധതി വഴി പണം ലഭിച്ചിട്ടില്ലെന്ന വസ്തുത മറച്ചുവെച്ച്, മുഖ്യമന്ത്രി തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. കേന്ദ്രം തടഞ്ഞുവെച്ചത് എസ്എസ്കെ ഫണ്ടാണ്, പിഎം ശ്രീ ഫണ്ടല്ല. പദ്ധതി നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഒരു രൂപ പോലും കേന്ദ്രം അനുവദിക്കില്ലെന്നും, കരാറിൽ നിന്ന് പിന്മാറാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്നും പഞ്ചാബിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് കാണിക്കുന്ന തിടുക്കത്തിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങളും, ലഭിച്ച നിയമോപദേശങ്ങളും സർക്കാർ വ്യക്തമാക്കണം.

പൊതുജനാരോഗ്യരംഗം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധികൾ പടരുമ്പോഴും പ്രതിരോധ നടപടികളിൽ ഏകോപനമില്ലാത്തത് വലിയ വെല്ലുവിളിയാണ്. അഞ്ഞൂറോളം ഡോക്ടർമാരുടെ നിയമനം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി തടഞ്ഞുവെച്ചത് ജനങ്ങളോടുള്ള ക്രൂരതയാണ്. കൂടാതെ, സ്ത്രീ സുരക്ഷാ പദ്ധതികൾ മുടക്കുകയും, പെൻഷൻ തുക ധനവകുപ്പ് പിടിച്ചുവെച്ച് വീട്ടമ്മമാരെയും പ്രവാസികളെയും ദുരിതത്തിലാക്കുകയും ചെയ്ത നടപടി സ്ത്രീപക്ഷ സർക്കാരെന്ന് അവകാശപ്പെടുന്നവർക്ക് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.

അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുതല യോഗം ഗവർണർ വിളിച്ചുചേർത്ത നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കേണ്ട ഗവർണർ സമാന്തര അധികാര കേന്ദ്രമായി മാറാൻ ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ അന്തസ്സിനെ ബാധിക്കും. കൂടാതെ, ഫുട്ബോൾ ലോകകപ്പ് നടക്കുമ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ അത് അടിയന്തരമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.