പി.എം ശ്രീ പദ്ധതി വിഷയത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി. പ്രസാദ്. പി.എം ശ്രീ പദ്ധതി നടപ്പാക്കാനാവില്ലെന്ന് തുറന്നുപറയാൻ മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ ഷംസുദ്ദീന് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

ദേശീയ വിദ്യാഭ്യാസ നയം തങ്ങളുടെ ആശയമാണെന്ന് ആർഎസ്എസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിന്റെ ഭാഗമായ പദ്ധതികൾ നടപ്പാക്കാൻ കോൺഗ്രസും യുഡിഎഫും എന്തുകൊണ്ടാണ് മുന്നോട്ടുപോകുന്നതെന്ന് പി. പ്രസാദ് ചോദിച്ചു. പി.എം ശ്രീ പദ്ധതി ആർഎസ്എസിന്റെ വലിയ പദ്ധതിയാണെന്ന് മുൻപ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തായിരുന്നപ്പോൾ ഈ പദ്ധതി ‘അറബിക്കടലിലേക്ക് എറിയുമെന്ന്’ പ്രഖ്യാപിച്ചവർ ഇപ്പോൾ അതിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും പി. പ്രസാദ് വിമർശിച്ചു. 2026 മെയ് 8-ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ച രേഖകളിൽ കേരളം പി.എം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷംസുദ്ദീൻ പി.എം ശ്രീ പദ്ധതിയുടെ അംബാസഡറാകുന്നത് എന്തിനാണെന്നും പി. പ്രസാദ് ചോദിച്ചു. മുൻ എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പദ്ധതിയാണിതെന്നും ആർഎസ്എസിനെ അനുകൂലിക്കുന്ന നിലപാട് എൽഡിഎഫ് ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ആർജവമാണ് എൽഡിഎഫ് സർക്കാർ കാണിച്ചതെന്നും, പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് കേരളത്തിന് പിന്മാറാൻ കഴിയില്ലെന്ന് പറയുന്നത് ഏത് അടിസ്ഥാനത്തിലാണെന്നും പി. പ്രസാദ് ചോദിച്ചു.