ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. അതീവ ഗൗരവമുള്ള പ്രശ്‌നമാണിതെന്നും നിലവിൽ നഗരസഭ വലിയ ഭരണപ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, രണ്ട് കൗൺസിൽ യോഗങ്ങളിൽ ഹാജരാകാതിരുന്ന ഒരു ബിജെപി കൗൺസിലർ നിലവിൽ കാപ്പ കേസിൽ ജയിലിലാണെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ടതോടെ നഗരസഭയുടെ മുൻകാല തീരുമാനങ്ങൾ അനിശ്ചിതത്വത്തിലായെന്ന് വി. ശിവൻകുട്ടി പറഞ്ഞു. നടപടി നേരിട്ട കൗൺസിലർമാർ പങ്കെടുത്ത കൗൺസിൽ യോഗങ്ങളിലെ തീരുമാനങ്ങൾക്ക് ഇനി നിയമസാധുതയുണ്ടാകില്ല.

ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങളുടെ നിയമസാധുത വലിയൊരു ചോദ്യചിഹ്നമാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. കൗൺസിൽ യോഗങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന കാര്യത്തിലടക്കം സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ആവശ്യപ്പെട്ടു.