വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിക്ക് കൈമാറാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വലിയ ആശങ്കയുണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായി ഏകദേശം 13,000 കോടി രൂപയുടെ ഓഹരി ഒരു അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറുന്നതിന് പിന്നിലെ ലക്ഷ്യം ദുരൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഴിഞ്ഞം കേരളത്തിന്റെ ഭാവി വികസനത്തിന്റെ നിർണായക പദ്ധതിയാണെന്നും അതിനെ ഒരു കമ്പനിയുടെ കുത്തകയാക്കി മാറ്റാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകോത്തര നിലവാരത്തിലുള്ള ‘മൾട്ടി-ഓപ്പറേറ്റർ’ തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ, നിലവിൽ നടക്കുന്നത് ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്ക് അനുകൂലമായ കുത്തകവൽക്കരണ നീക്കമാണെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ അതീവ പ്രാധാന്യമുള്ള അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശ ഘടനയിൽ മാറ്റം വരുമ്പോൾ ദേശീയ സുരക്ഷാ താൽപര്യങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. എം.എസ്.സി 49 ശതമാനം ഓഹരി സ്വന്തമാക്കുന്ന സാഹചര്യത്തിൽ തുറമുഖത്തിന്റെ ഭാവി വികസന സാധ്യതകളും കേരളത്തിന്റെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് സർക്കാർ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ദീർഘകാല താൽപര്യങ്ങൾ ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
