വയനാട് മേപ്പാടി കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുളവാക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.

അങ്ങേയറ്റം ദാരുണമായ ഈ സംഭവത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനായി സിപിഐ എം പ്രവർത്തകരും രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നതായാണ് മനസ്സിലാക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര ധനസഹായം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കൂടാതെ, രക്ഷാപ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.