മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണ പദ്ധതികളെ വിമർശിച്ച മുൻ മന്ത്രി ജി. സുധാകരന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതി ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഇത്തരം വിമർശനങ്ങൾ കൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങളെ തടയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വരെ മാതൃകാപരമായ പദ്ധതിയെന്ന് വിശേഷിപ്പിച്ച പ്രവർത്തനമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്ന് സനോജ് ചൂണ്ടിക്കാട്ടി. അധികാരത്തിനായി നിലപാടുകൾ മാറ്റുന്ന രാഷ്ട്രീയമാണ് ചിലർ പിന്തുടരുന്നതെന്നും അത്തരം അവസരവാദ രാഷ്ട്രീയത്തിന് ചരിത്രത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ജി. സുധാകരനെപ്പോലുള്ളവർ എന്തെങ്കിലും പറഞ്ഞാൽ നാളെ മുതൽ പൊതിച്ചോർ പദ്ധതി അവസാനിപ്പിക്കുമെന്ന ധാരണ ആർക്കും വേണ്ടെന്നും വി.കെ. സനോജ് പറഞ്ഞു. പൊതിച്ചോർ വിതരണം, രക്തദാനം, മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നമ്മൾ നിൽക്കുന്ന രാഷ്ട്രീയ ഭൂമികയുടെ സ്വാധീനം നമ്മുടെ നിലപാടുകളിലും പ്രതിഫലിക്കും എന്നതിന്റെ ജീവനുള്ള ഉദാഹരണമാണ് സുധാകരന്റെ രാഷ്ട്രീയ മാറ്റം” എന്നും സനോജ് അഭിപ്രായപ്പെട്ടു.

മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന നിലപാടാണ് ജി. സുധാകരൻ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചത്. ആശുപത്രികളിൽ ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പാർട്ടികൾ ഭക്ഷണ വിതരണം നടത്തി അതിന്റെ പേരിൽ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ചോറും കഞ്ഞിയും വിതരണം ചെയ്ത് അതിനോടനുബന്ധിച്ച് രാഷ്ട്രീയ അടയാളങ്ങൾ സ്ഥാപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. വണ്ടാനം മെഡിക്കൽ കോളേജിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടും സേവാഭാരതി ഭക്ഷണ വിതരണം നടത്തിയെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സുധാകരന്റെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കെയാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.