വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹർജി.വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കോടതി ഇടപെടണമെന്ന് ഹർജിയിൽ പറയുന്നു.

ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാകേഷ് കുമാർ സൈനിയാണ് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.വാങ്ചുകിന്റെ ആരോഗ്യനില വഷളായതായും അദ്ദേഹം മരിച്ചാൽ അത് ‘രാജ്യത്തിനും ലോകത്തിനും വലിയ നാണക്കേടാണ്’ എന്നും ഹർജിയിൽ പറയുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി ജീവന്റെ നിലനിൽപ്പിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ദ്രാവകരൂപത്തിൽ നിർബന്ധിച്ച് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ജൂൺ 28 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ വാങ്ചുക്ക് അനിശ്ചിതകാല നിരാഹാരസമരം നടത്തുകയാണ്.സമരം 17ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതായി സംഘാടകർ അറിയിച്ചിരുന്നു.വാങ്ചുക്കിന്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി 70ൽ താഴെയാണ്.

നിരന്തരമായ തലകറക്കം, കടുത്ത പേശിക്ഷയം, പ്രകടമായ ശാരീരിക ബലഹീനത എന്നിവ അദ്ദേഹം അനുഭവിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വാരിയെല്ലുകൾ ഇപ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നുവെന്നും സമരക്കാർ അറിയിച്ചു.