വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിക്ക് ഓഹരി കൈമാറാനുള്ള നീക്കത്തിന് നിയമപരമായ തടസങ്ങളുണ്ടെന്നും, സംസ്ഥാന സർക്കാരിന്റെ താൽപര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖം പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, തുറമുഖത്തിന്റെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിന് നൽകിയിരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കൺസഷൻ എഗ്രിമെന്റിലെ വ്യവസ്ഥകൾ മറന്ന് കൺസഷണയർ കമ്പനിയിൽ സർക്കാർ പങ്കാളിയല്ലെന്ന തരത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.
തുറമുഖം സ്വകാര്യ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് പോകില്ലെന്ന ഉറച്ച നിലപാട് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തിൽ താൻ ഉന്നയിച്ച ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിനുപകരം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞം കോൺക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശവും പിണറായി വിജയൻ തള്ളി. 2025-ൽ നടന്ന കോൺക്ലേവ് തുറമുഖ വികസനവും വ്യാവസായിക സാധ്യതകളും ചർച്ച ചെയ്യുന്നതിനായിരുന്നുവെന്നും, അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തുറമുഖ വകുപ്പിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും കത്തിൽ പറയുന്നു.
കൺസഷൻ എഗ്രിമെന്റിലെ 5.9-ാം വ്യവസ്ഥ പ്രകാരം, വിഴിഞ്ഞത്തിൽ നിന്ന് 250 കിലോമീറ്റർ പരിധിക്കുള്ളിലെ മറ്റൊരു തുറമുഖത്തിൽ ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് വിഴിഞ്ഞം പദ്ധതിയിൽ ഓഹരി കൈമാറുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തൂത്തുക്കുടി തുറമുഖത്തിൽ എംഎസ്‌സിക്ക് അവകാശമുള്ള സാഹചര്യത്തിൽ ഓഹരി കൈമാറ്റം കരാർ ലംഘനമാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയതും ഗൗരവമായ വിഷയമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ സർക്കാർ മൗനം പാലിച്ചതും ആവശ്യമായ ഉത്തരവുകൾ വൈകിയാണ് പുറത്തിറക്കിയതും സംശയങ്ങൾക്ക് ഇടയാക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കൺസഷൻ എഗ്രിമെന്റിലെ 5.8.1-ാം വ്യവസ്ഥ പ്രകാരം വിഴിഞ്ഞം തുറമുഖത്തിൽ എല്ലാ ഉപയോക്താക്കൾക്കും വിവേചനരഹിതമായ പ്രവേശനം ഉറപ്പാക്കേണ്ട ബാധ്യത കൺസഷണയർക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും, സ്വകാര്യ കമ്പനിക്ക് അനാവശ്യ ഇളവുകൾ അനുവദിച്ച് സംസ്ഥാന താൽപര്യം ദുർബലപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സർക്കാർ ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി.
സായുധ സേനയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സമീപനങ്ങൾ ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ പൊതുസ്വത്താണെന്നും, അത് സ്വകാര്യ താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ലെന്നും കത്തിൽ ആവർത്തിച്ച പ്രതിപക്ഷ നേതാവ്, കരാർ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുകയും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
വികസന പദ്ധതികൾക്ക് പിന്തുണ തുടരുമെങ്കിലും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കെതിരായ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
