നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശരീരഭാരം ഗണ്യമായി കുറഞ്ഞ് അവയവങ്ങളുടെ പ്രവർത്തനം തന്നെ തകരാറിലാകുന്ന അപകടകരമായ അവസ്ഥയിലെത്തിയിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ 19 ദിവസമായി രാജ്യതലസ്ഥാനത്ത് യുവാക്കൾ ഈ സമരം തുടരുകയാണെന്നും, കേന്ദ്ര സർക്കാർ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയിലും അഴിമതിയിലും നിന്ന് വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കണമെന്നതാണ് അവരുടെ പ്രധാന ആവശ്യമെന്നും പിണറായി വിജയൻ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾ മൂലം സ്വപ്നങ്ങൾ നഷ്ടപ്പെട്ടും ആത്മഹത്യയിലേക്ക് തള്ളപ്പെട്ടും പോയ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്ന ആവശ്യമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ അനുകൂലിക്കുന്ന മാധ്യമങ്ങൾ സമരത്തെ അവഗണിച്ചെങ്കിലും, അത് രാജ്യത്തിന്റെ പ്രതിഷേധശബ്ദമായി വളർന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ കണ്ണീരിനോടും മരണത്തെ മുഖാമുഖം കാണുന്ന ഒരു സമരനായകന്റെ ജീവനോടും കേന്ദ്ര സർക്കാർ കാണിക്കുന്ന നിസ്സംഗത അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ അനാസ്ഥയെ തുടർന്ന് ഡൽഹി ഹൈക്കോടതി തന്നെ ശക്തമായി ഇടപെടേണ്ടി വന്നത് ഭരണകൂടത്തിന്റെ പരാജയം വ്യക്തമാക്കുന്നതാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നീതിക്കായി സമരം ചെയ്യുന്ന ഒരു പൗരന്റെ ജീവൻ സംരക്ഷിക്കാൻ കോടതികൾക്ക് സർക്കാരിനെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ലജ്ജാകരമായ സാഹചര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
സോനം വാങ്‌ചുക്കിന്റെ ജീവൻ രാജ്യത്തിന് വിലപ്പെട്ടതാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാകാൻ അനുവദിക്കാതെ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. അതോടൊപ്പം അഴിമതികളാൽ തകർന്ന വിദ്യാഭ്യാസ സംവിധാനത്തെ ശുദ്ധീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്കായി അനിവാര്യമാണെന്നും, സോനം വാങ്‌ചുക്കിനും സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും തന്റെ പൂർണ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
