കാസർകോട് ജില്ലയിലെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ എം.എൽ.എ മുഹമ്മദ് റിയാസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
സംഘപരിവാർ അജണ്ടകൾക്ക് യു.ഡി.എഫ് സർക്കാർ പച്ചക്കൊടി കാണിക്കുകയാണെന്നും, കുട്ടികൾക്ക് പഠിപ്പിക്കപ്പെടുന്ന ചരിത്രം ആരുടെ രാഷ്ട്രീയ കാഴ്ചപ്പാടിലാണ് അവതരിപ്പിക്കപ്പെടുന്നതെന്നത് ഗൗരവമായ വിഷയമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്കായി തയ്യാറാക്കിയ എൽ.പി വിഭാഗം ഫ്രീഡം ക്വിസ് ചോദ്യാവലിയിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടത്. ‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ടൈബ്രേക്കർ ചോദ്യത്തിന് ഉത്തരമായി സവർക്കറുടെ പേരാണ് നൽകിയിരുന്നത്.
സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകരാണ് ചോദ്യാവലി തയ്യാറാക്കിയതെന്ന് അറിയുന്നു. സംഭവത്തിൽ വിവാദം ശക്തമായതോടെ വിഷയത്തെക്കുറിച്ച് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ചോദ്യാവലി തയ്യാറാക്കിയ സാഹചര്യവും അതിന്റെ ഉള്ളടക്കവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
