ഡൽഹിയിലെ കോക്രേച്ച് ജനതാപാർട്ടി സമരവുമായി ബന്ധപ്പെട്ട റീലുകളും വീഡിയോകളും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതായി പരാതി. കേന്ദ്രസർക്കാരും മെറ്റയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമരവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ വ്യാപകമായി അപ്രത്യക്ഷമാകുന്നതെന്നാണ് ആരോപണം.
ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്ന നിരവധി വീഡിയോകൾ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യൂത്ത് കോൺഗ്രസിന്റെയും അരവിന്ദ് കെജ്രിവാളിന്റെയും പേജുകളിലെ ചില പോസ്റ്റുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായും പരാതികൾ ഉയരുന്നുണ്ട്.
പ്രതിഷേധ വീഡിയോകളുടെ പ്രചാരം കുറയ്ക്കുന്നതിനായി അൽഗോരിതത്തിൽ മാറ്റം വരുത്തിയെന്ന സംശയവും സാമൂഹികമാധ്യമ ഉപയോക്താക്കൾക്കിടയിൽ ശക്തമാണ്. എന്നാൽ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്തതെന്നാണ് മെറ്റയുടെ വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ നിയന്ത്രണവും അഭിപ്രായസ്വാതന്ത്ര്യവും സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമാകുകയാണ്.
