കേരളത്തിൽ ബിജെപി ഭരണത്തിലില്ലെങ്കിലും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കേരളത്തിലെ യുഡിഎഫ് നേതൃത്വവും സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ ഉള്ളടക്കമുള്ള ഭാഗങ്ങൾ ഉള്ളതിനാലാണ് ജവഹർലാൽ നെഹ്റുവും മഹാത്മാഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പൊതുപരിപാടികളിൽ ആലപിക്കണമെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1875-ൽ രചിക്കപ്പെട്ട ഗാനത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ ഹിന്ദുത്വ ആശയങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അത് ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മതനിരപേക്ഷ പാരമ്പര്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ തന്നെയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും പിന്തുടരുന്നതെന്ന് ആരോപിച്ച ഗോവിന്ദൻ മാസ്റ്റർ, കോൺഗ്രസ് സ്വീകരിക്കുന്ന ‘മൃദു ഹിന്ദുത്വ’ സമീപനം മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നതാണെന്നും വിമർശിച്ചു.

മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകളിലേക്ക് പോലും വിവാദ ഉത്തരവ് നടപ്പാക്കാൻ സർക്കുലർ നൽകിയതിന്റെ പശ്ചാത്തലം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വ്യക്തതയില്ലാതിരുന്ന വി.ഡി. സതീശൻ ഇപ്പോൾ അതേ നിലപാട് ഔദ്യോഗിക ഉത്തരവായി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

ബിജെപിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ഭരണകൂടമായാണ് യുഡിഎഫ് സർക്കാർ മാറിയിരിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.