സംസ്ഥാന ഭരണത്തിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ ഭരണഘടനാ തത്വങ്ങൾക്കും ഫെഡറൽ സംവിധാനത്തിനും വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംസ്ഥാന പൊലീസ് മേധാവിയെ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും മറികടന്ന് ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവഗണിച്ച് ഭരണകാര്യങ്ങളിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ ശ്രമം ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് പിണറായി പറഞ്ഞു. സർക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണ സംവിധാനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടന പ്രകാരം ഗവർണർ മന്ത്രിസഭയുടെ ഉപദേശ-നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2016-ലെ നബാം റിബിയ കേസിലെ സുപ്രീംകോടതി വിധിയും ഗവർണറുടെ അധികാരങ്ങൾക്ക് വ്യക്തമായ പരിധി നിശ്ചയിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും, മുഖ്യമന്ത്രിയുടെയോ ബന്ധപ്പെട്ട മന്ത്രിയുടെയോ അറിവും അനുമതിയും ഇല്ലാതെ ഇത്തരത്തിലുള്ള ഇടപെടലുകൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാലടി സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയത് ഗുരുതരമായ സാഹചര്യമാണെന്ന് പിണറായി വിലയിരുത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് സംവിധാനത്തെ ഗവർണർ നേരിട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നത് തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് മേധാവി മന്ത്രിയുടെ അനുമതിയോടെയാണോ ഗവർണറെ കണ്ടതെന്ന കാര്യവും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സർവകലാശാലകളിലും ഗവർണറുടെ ഇടപെടലുകൾക്കെതിരെ വിദ്യാർഥികളും പൊതുസമൂഹവും പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ, സർക്കാരിന്റെ അനുരഞ്ജന നിലപാടാണ് മറ്റ് വകുപ്പുകളിലേക്കും ഇത്തരം ഇടപെടലുകൾ വ്യാപിപ്പിക്കാൻ അവസരം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണറുടെ നടപടികൾക്കെതിരെ പ്രതികരിക്കാതെ യുഡിഎഫ് സർക്കാർ തുടരുന്ന മൗനം “കീഴടങ്ങലിന്റെ രാഷ്ട്രീയം” ആണെന്ന് വിമർശിച്ച പിണറായി വിജയൻ, സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സമാന ഇടപെടലുകൾക്കെതിരെ ശക്തമായ ഭരണഘടനാ പ്രതിരോധം ഉയർത്തിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങളും സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ യുഡിഎഫ് സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, ജനങ്ങൾ നൽകിയ അധികാരത്തെ അവഹേളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.