ശബരിമല അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സണ്ണി എം കപിക്കാടിനെതിരെ പരാതി നല്‍കി തിരുവാഭരണ പാത സംരക്ഷണ സമിതി. മലയാളം സര്‍വകലാശാലയിലെ ഒരു പരിപാടിക്കിടെയായിരുന്നു വിവാദത്തിന് ഇടയാക്കിയ പരാമര്‍ശമെന്നാണ് പരാതി. സംഭവത്തില്‍ സണ്ണി എം കപിക്കാട് പരസ്യമായി മാപ്പ് പറയണമെന്നും വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തരമായി ഇടപെടണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. കൂടാതെ സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.

ഇതിനിടെ, സണ്ണി എം കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദിയും പന്തളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ പരാമര്‍ശത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു ചോദിച്ചു. ശബരിമല അയ്യപ്പന്റെ വിശ്വാസവും ഭക്തജനങ്ങളുടെ പിന്തുണയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ആധാരമെന്നും അയ്യപ്പനെ അവഹേളിച്ചെന്ന ആരോപണത്തില്‍ ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും പ്രതികരണമില്ലേയെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.