മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയും വർഗീയതയും സാമൂഹിക അസമത്വങ്ങളും പുതിയ രൂപങ്ങളിൽ ശക്തിപ്പെടാൻ ശ്രമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അയ്യങ്കാളിയുടെ പോരാട്ടങ്ങൾക്ക് കൂടുതൽ പ്രസക്തി കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്‌ക്കെതിരെ സ്വന്തം ജീവിതം സമർപ്പിച്ച് പോരാടിയ നവോത്ഥാന നായകനായിരുന്നു അയ്യങ്കാളിയെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി അദ്ദേഹം നടത്തിയ സമരങ്ങൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തിയ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയും ജാതിവിവേചനത്തിനെതിരെ നടന്ന കല്ലുമാല സമരവും സവർണ മേധാവിത്വത്തിനെതിരായ ശക്തമായ വെല്ലുവിളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, മാന്യമായ തൊഴിൽ, മാനുഷിക ജീവിതം എന്നിവ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിൽ അയ്യങ്കാളിയുടെ സംഭാവന നിസ്തുലമാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ജാതിവ്യവസ്ഥയും അനാചാരങ്ങളും സൃഷ്ടിച്ച അന്ധകാരത്തെ മറികടന്ന് നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കേരളത്തെ നയിച്ച മഹാന്മാരിൽ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് അയ്യങ്കാളിയുൾപ്പെടെയുള്ള നവോത്ഥാന നായകർ നയിച്ച സംഘടിത പോരാട്ടങ്ങളുടെ പിൻബലമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന എല്ലാ പ്രവണതകൾക്കും എതിരെ ഒരുമിച്ച് നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും വ്യക്തമാക്കി.
തുല്യതയും സാമൂഹിക നീതിയും മനുഷ്യാഭിമാനവും ഉറപ്പുള്ള ഒരു സമൂഹമായിരുന്നു അയ്യങ്കാളിയുടെ സ്വപ്നമെന്നും ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും കേരളത്തിന്റെ പുരോഗമന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ സമരസ്മരണകൾ കരുത്താകട്ടെയെന്നും പിണറായി വിജയൻ ആശംസിച്ചു. മഹാത്മാ അയ്യങ്കാളിയുടെ സ്മരണകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകളും അദ്ദേഹം നേർന്നു.
