സർക്കാർ നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ആർഎസ്എസിനെ പൂർണ്ണമായി പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഇതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ മാത്തിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കാൻ തത്രപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ചൊല്ലിയതും, വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതുമെല്ലാം ആർഎസ്എസ് അജണ്ടകളുടെ ഭാഗമാണെന്ന് പിണറായി വിജയൻ ആരോപിച്ചു. മുൻപ് ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണെങ്കിലും, ഭരണം മാറിയപ്പോൾ സർക്കാർ നിലപാട് മാറ്റുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവർണർ തോന്നിയതുപോലെ കാര്യങ്ങൾ ചെയ്യുമ്പോഴും സർക്കാർ അതിനെതിരെ ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ തനിമ തകർത്ത് സർക്കാരും ഭരണ സംവിധാനങ്ങളും ആർഎസ്എസിന് പൂർണ്ണമായി കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചും യോഗത്തിൽ അദ്ദേഹം പരാമർശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ തോൽവി ഉണ്ടാകാനുള്ള കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പാർട്ടിക്കകത്ത് നിന്നു ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചുവെന്നും, നേതൃതലത്തിൽ നിന്നുപോലും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് നിരക്കാത്ത ബന്ധങ്ങൾ ഉണ്ടാക്കാൻ നോക്കിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. അത്തരം തെറ്റായ പ്രവണതകളെ പാർട്ടി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
