സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ. സ്ത്രീകളെ വീട്ടിനകത്ത് ഒതുക്കി നിർത്തണമെന്ന സമീപനം പഴയകാല ഫ്യൂഡൽ ചിന്താഗതിയുടെ ഭാഗമാണെന്നും, ഇത്തരം അഭിപ്രായപ്രകടനങ്ങൾ ആധുനിക സമൂഹത്തിന് യോജിച്ചതല്ലെന്നും അവർ പറഞ്ഞു.
ഇന്നത്തെ കേരളത്തിൽ മുസ്ലിം സ്ത്രീകൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ, ജഡ്ജിമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകൾ ശ്രദ്ധേയമായ പങ്കുവഹിക്കുകയാണെന്നും അവർ വ്യക്തമാക്കി.
പൊതുഇടങ്ങളിൽ സ്ത്രീകൾ ഒത്തുചേരുന്നതും പൊതുവേദികൾ പങ്കിടുന്നതും ഏതെങ്കിലും മതാചാരങ്ങളുടെ ലംഘനമായി കാണാനാകില്ലെന്നും ശൈലജ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണെന്നും അവരെ പിന്നോട്ടടിക്കുന്ന നിലപാടുകൾ പ്രോത്സാഹിപ്പിക്കരുതെന്നും അവർ പറഞ്ഞു.
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയും സമൂഹത്തിൽ സ്വാധീനമുള്ള സംഘടനയുമായ സമസ്തയിൽ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടായത് ആശങ്കാജനകമാണെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.
