അർഹമായ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 300 എയുടെ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുന്നതിനായി ഉദ്യോഗസ്ഥതലത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ഗതാഗതവകുപ്പ് സെക്രട്ടറി, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, ലോ ഓഫീസർ, ജീവനക്കാരുടെ യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
ക്രമരഹിതമായ ശമ്പള വിതരണം, ഡിഎ നിഷേധം, ജീവനക്കാരിൽ നിന്ന് പിടിച്ച എൻപിഎസ് തുക അടയ്ക്കാത്തത്, എൻപിഎസ് പെൻഷനിലെ അനിശ്ചിതത്വം, പിഎഫ് തുക വൈകുന്നത് തുടങ്ങിയ പരാതികളിലാണ് കമ്മീഷന്റെ നടപടി. ജീവനക്കാരുടെ സംഘടനാ നേതാവ് എസ്. അജയകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ കാലതാമസം കൂടാതെ രേഖാമൂലം ഗതാഗതവകുപ്പ് സെക്രട്ടറി കെഎസ്ആർടിസി എംഡിക്ക് നൽകണമെന്നും അവ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തീരുമാനങ്ങളിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാർക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
