മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചതിന് പിന്നാലെ ഡിസിസി അംഗത്തെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സർക്കാരിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി വി.കെ. സനോജ് എംഎൽഎ. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ എങ്ങനെ ഡിസിസി അംഗമായെന്നും ഇത്രകാലം പാർട്ടിയിൽ തുടരാൻ എങ്ങനെ കഴിഞ്ഞെന്നും സനോജ് ചോദിച്ചു.

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കേണ്ട സാഹചര്യം വന്നപ്പോഴാണോ ഇയാൾക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണങ്ങൾ സംഭവത്തിലെ വൈരുധ്യങ്ങളാണ് വ്യക്തമാക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സനോജ് ചൂണ്ടിക്കാട്ടി.

നവകേരള സദസ്സിനിടെ മന്ത്രിസഭയുടെ യാത്രയ്ക്ക് നേരെ കല്ലും വടിയും കരിങ്കൊടിയും ഉപയോഗിച്ച് പ്രതിഷേധിച്ച സംഭവങ്ങളെ ‘ജനകീയ പ്രതിഷേധം’ എന്ന് വിശേഷിപ്പിച്ചവർ, ഇപ്പോൾ മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനെ കുറ്റകരമാക്കുന്നത് ഇരട്ടത്താപ്പാണെന്ന് സനോജ് ആരോപിച്ചു.

മുൻകാല പ്രതിഷേധങ്ങളിൽ കേസെടുത്തത് ജനാധിപത്യ നിഷേധമാണെന്ന് പറഞ്ഞവർ തന്നെയാണ് ഇപ്പോൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതിന് അറസ്റ്റ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുൻ എംപിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്ത സംഭവത്തെയും പരാമർശിച്ച സനോജ്, ഇതെല്ലാം ‘സുരക്ഷയുടെ ഭാഗം’ മാത്രമെന്ന വിശദീകരണമാണ് ഇപ്പോൾ ഉയരുന്നതെന്നും പരിഹസിച്ചു. വൈകിയാണെങ്കിലും ചില തിരിച്ചറിവുകൾ ഉണ്ടാകുന്നത് നല്ലതാണെന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.