2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നീക്കം ഭരണസഖ്യത്തിനുള്ളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി.

ടിവികെ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാത്ത പക്ഷം കോൺഗ്രസിന്റെ രണ്ട് മന്ത്രിമാർ രാജിവെക്കുമെന്ന് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് അംഗീകരിക്കില്ലെന്നും വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ടുഡേ–സി വോട്ടർ ‘മൂഡ് ഓഫ് ദ നേഷൻ’ സർവേയിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിൽ മൂന്നാം സ്ഥാനത്ത് വിജയ് ഇടംപിടിച്ചതിന് പിന്നാലെയാണ് ടിവികെ നേതാക്കൾ ‘വിജയ് ഫോർ പി.എം’ പ്രചാരണം ശക്തമാക്കിയത്. എന്നാൽ, ടിവികെ നേതാക്കൾ ഇപ്പോഴും ആരാധക സംഘടനയുടെ മനോഭാവത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു.

അതേസമയം, ടിവികെയുടെ നീക്കത്തെ ഡിഎംകെയും പരിഹസിച്ചു. അവരുടെ ഭാവനയ്ക്ക് അതിരുകളില്ലെന്നും നാളെ വിജയിയെ ഐക്യരാഷ്ട്രസഭാ തലവനാക്കാനും അവർ ആവശ്യപ്പെടാമെന്നും ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി പ്രതികരിച്ചു.