ഇടുക്കി: സുപ്രീംകോടതി നിർദേശിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിൽ 2022-ലാണ് അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്. ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബൽരാജ് ജോഷിയുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവ വകുപ്പിന്റെ മുൻ മെമ്പർ സെക്രട്ടറിയായ അശുതോഷ് ദാസ് അംഗമാണ്. അണക്കെട്ടിന്റെ നിലവിലെ ഘടനാപരമായ സുരക്ഷ, ജലസംഭരണ ശേഷി, വിവിധ സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിശദമായി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വർഷങ്ങളായി തുടരുന്ന ആശങ്കകൾക്കിടെയാണ് സുപ്രീംകോടതി നിർദേശപ്രകാരമുള്ള ഈ സമഗ്ര പരിശോധന ആരംഭിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അണക്കെട്ടിന്റെ ഭാവി സുരക്ഷാ നടപടികളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
